കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവിനെതിരായ അന്വേഷണത്തിൽ നിർണായകമായി സഹയാത്രികൻ ജോയലിന്റെ ശബ്ദസന്ദേശം. അപകടദിവസം സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തിൽ മദ്യപാനത്തെക്കുറിച്ചും കാർ അമിതവേഗത്തിലായിരുന്നുവെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ ജില്ലാ കോടതി ബുധനാഴ്ച വിധി പറയും.
അപകടദിവസം രാവിലെ 9.25നാണ് ജോയൽ സുഹൃത്തിന് ശബ്ദസന്ദേശം അയച്ചത്. തലേന്ന് രാത്രി ബാറിൽ കയറി മദ്യപിച്ചതായും പിന്നീട് അമിതവേഗത്തിൽ കാറിൽ യാത്ര ചെയ്തതായും സന്ദേശത്തിൽ പറയുന്നുണ്ട്. യാത്രയ്ക്കിടെ കാർ സ്കൂട്ടറിലിടിച്ചെന്നും മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നും ഓഡിയോയിൽ പരാമർശമുണ്ട്. അപകടത്തിന്റെ ആഘാതത്തിൽനിന്ന് ഇനിയും മുക്തനായിട്ടില്ലെന്നും ജോയൽ സന്ദേശത്തിൽ പറയുന്നുണ്ട്. ഒരു മിനിറ്റും 43 സെക്കൻഡും ദൈർഘ്യമുള്ള ശബ്ദസന്ദേശത്തിലെ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമായേക്കും.
അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ വാദം നടന്നപ്പോൾ പ്രോസിക്യൂഷനും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകനും ശബ്ദസന്ദേശത്തിലെ വിവരങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സുഹൈൽ സജീവിന്റെ രക്ത-മൂത്ര പരിശോധനാഫലത്തിൽ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് വിവരം. മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനാഫലം ലഭിക്കാനുണ്ട്. കാറിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ പരിശോധനയുടെ വിവരങ്ങളും പുറത്തുവരാനുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
പ്രതികൾ 14 ദിവസത്തിലേറെയായി റിമാൻഡിലാണെന്നും പൊലീസ് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. 19 വയസ്സുള്ള പ്രതികളെ ഇനിയും ജയിലിൽ തുടരാൻ അനുവദിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയാൻ മാറ്റി. കേസിലെ അന്വേഷണ പുരോഗതിയും ലഭ്യമായ തെളിവുകളും കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




