കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്ന് പൊലീസ്. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടത്തിന് മുമ്പ് 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അമിതവേഗത്തിൽ വാഹനം ഓടിച്ചതിനും മോട്ടോർ വാഹന നിയമത്തിലെ 181, 183 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. അപകടത്തിൽപ്പെട്ട കാറിന്റെ ഉടമയായ അഡീഷണൽ ജഡ്ജിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഇന്നുണ്ടായേക്കും. അതേസമയം, 17കാരനെ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.




