തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഖാർഗെ ഉപയോഗിച്ചത് തെരുവ് ഗുണ്ടകളുടെ ഭാഷയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇത്തരം രാഷ്ട്രീയ സംസ്കാരത്തിന്റെ തുടക്കം സോണിയ ഗാന്ധിയിൽ നിന്നാണെന്നും ഖാർഗെ മുമ്പും സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിലവാരമില്ലാത്ത രാഷ്ട്രീയ സംസ്കാരം കോൺഗ്രസ് അവസാനിപ്പിക്കണമെന്നും ഖാർഗെയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളോട് നുണ പറയുകയും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.




