പത്തനംതിട്ട: ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ച 16 വയസ്സുകാരന്റെ സംഭവത്തിൽ രണ്ടുപേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. എഴംകുളം സ്വദേശിയായ വിദ്യാർഥിയുടെ മാതാവിനും കൊല്ലം പാതിരിക്കൽ സ്വദേശി രവീന്ദ്രനുമെതിരെയാണ് നടപടി. വിദ്യാർഥി ഓടിച്ച കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാർഥിയുടെ മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ പേരിലുള്ള ബൈക്കുമാണ് പൊലീസ് പിടിച്ചെടുത്തത്. അടൂർ, കൊടുമൺ മേഖലകളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി സ്ഥിരമായി കാറിൽ കറങ്ങുന്നതായി അടൂർ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു.
നഗരത്തിൽ തിരക്കേറിയ സമയങ്ങളിൽ പോലും വിദ്യാർഥി കാർ ഓടിച്ചിരുന്നതായാണ് വിവരം. വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ റീൽസായി പങ്കുവയ്ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 16കാരൻ പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




