ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരായ ‘വോട്ട് ചോരി’ പ്രചാരണം ശക്തമാക്കാൻ ഇന്ത്യാ സഖ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പരിപാടി സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഡൽഹിയിലെ രാംലീലാ മൈതാനത്ത് പരിപാടി നടത്താൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ രാജാജി മാർഗിലെ വസതിയിൽ പരിപാടി നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ഖർഗെയുടെ വസതിയിലെത്തി. മുൻ ലോക്സഭാ സ്പീക്കർ മീര കുമാർ പ്രതീകാത്മക നടപടിയിൽ സ്പീക്കറുടെ കസേരയിലിരിക്കും. മല്ലികാർജുൻ ഖർഗെ ചർച്ചകൾക്ക് തുടക്കമിടും. രാഹുൽ ഗാന്ധി പരിപാടിയുടെ സമാപനത്തിൽ സംസാരിക്കുമെന്നാണ് വിവരം.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാർ രാജിവയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. ജനങ്ങളുടെ ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതിഫലനമായിരിക്കും പരിപാടിയെന്നും ജനങ്ങളെ എത്താതിരിക്കാൻ സർക്കാർ ബസുകളും ട്രെയിനുകളും തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് ജനങ്ങൾ പരിപാടിക്കെത്തുമെന്നും ബ്രിട്ടാസ് പറഞ്ഞു.
ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഒന്നിലധികം പ്രമേയങ്ങൾ സമർപ്പിച്ചിരുന്നു. ആവശ്യമായ അംഗബലമുണ്ടായിട്ടും പ്രമേയങ്ങൾ പരിഗണിച്ചില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഈ വർഷം ഏപ്രിലിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാനുള്ള പ്രതിപക്ഷത്തിന്റെ പ്രമേയങ്ങൾ ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണ് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രതീകാത്മക ഇംപീച്ച്മെന്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
ഖർഗെയുടെ വസതിയുടെ മുറ്റത്ത് പരിപാടിക്കായി വലിയ വേദി ഒരുക്കിയിട്ടുണ്ട്. പാർലമെന്റിലെയും കോടതികളിലെയും നടപടികളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പ്രതീകാത്മക വിചാരണയും പരിപാടിയുടെ ഭാഗമായേക്കും. ഇന്ത്യാ സഖ്യത്തിലെ എംപിമാർക്കു പുറമേ നിയമവിദഗ്ധർ, അഭിഭാഷകർ, പൊതുജനങ്ങൾ എന്നിവർക്കും സംസാരിക്കാൻ അവസരം നൽകുമെന്നാണ് റിപ്പോർട്ട്. എസ്ഐആർ (SIR) നടപടികൾ ബാധിച്ചവരെയും പങ്കെടുപ്പിക്കാൻ നീക്കമുണ്ട്.
ഒക്ടോബർ 13ന് രാഹുൽ ഗാന്ധി ഇന്ത്യാ സഖ്യ നേതാക്കൾക്കും സിവിൽ സൊസൈറ്റി പ്രതിനിധികൾക്കുമായി സംഘടിപ്പിച്ച ഹൈ ടീ പരിപാടിക്കിടെയാണ് ‘ജനകീയ ഇംപീച്ച്മെന്റ്’ എന്ന ആശയം ഉയർന്നുവന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു ഇടതുപക്ഷ എംപിയാണ് ആശയം മുന്നോട്ടുവച്ചത്. രാഹുൽ ഗാന്ധി താൽപര്യം പ്രകടിപ്പിക്കുകയും പരിപാടി ആസൂത്രണം ചെയ്യാൻ പാർട്ടിയോട് ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം.
എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രചാരണത്തിന് രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണ് പുതിയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം കൂടുതൽ ശക്തമാക്കുന്നതാകും ഇന്ത്യാ സഖ്യത്തിന്റെ പുതിയ നീക്കം.




