ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സലോണയുടെ യുവതാരം ലമിൻ യമാലിന്റെ പിതാവ് മുനീർ നസ്രാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്പാനിഷ് മാധ്യമങ്ങൾ. ബാഴ്സലോണ വിമാനത്താവളത്തിലെ കഫേയിൽ മുനീർ നസ്രാവി അക്രമം നടത്തിയെന്നാണ് റിപ്പോർട്ട്. ലണ്ടനിൽ നടന്ന ബാലൺദ്യോർ പുരസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ യമാലിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമെന്നാണ് വിവരം. സ്പാനിഷ് മാധ്യമമായ എസ്റ്റാഡിയോ ഡിപോർട്ടിവോയാണ് വാർത്ത പുറത്തുവിട്ടത്. ദൃക്സാക്ഷികളെ ഉദ്ധരിച്ച് എൽ എസ്പാനിയോൾ പത്രത്തിന്റെ അനുബന്ധ പ്രസിദ്ധീകരണമായ ക്രോണിക്ക ഗ്ലോബലും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഫേയിൽ വസ്ത്രങ്ങൾ തൂക്കിയിടാൻ അനുവദിക്കാത്ത സ്ഥലത്ത് മുനീർ തന്റെ കോട്ട് തൂക്കിയിട്ടതാണ് തർക്കത്തിന് തുടക്കമിട്ടതെന്നാണ് റിപ്പോർട്ട്. കോട്ട് മാറ്റാൻ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിയോട് ഇയാൾ അസഭ്യം പറയുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ച യാത്രക്കാരനെ മുനീർ മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കഫേയിലെ കസേര ഉയർത്തി മറ്റുള്ളവർക്ക് നേരെ എറിയാൻ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളിലുണ്ട്.
തുടർന്ന് സ്പെയിനിലെ നാഷണൽ സിവിൽ ഗാർഡ് വിഭാഗമായ ഗാർഡിയ സിവിൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. പിന്നീട് മുനീർ തടസ്സങ്ങളില്ലാതെ ലണ്ടനിലേക്കുള്ള വിമാനത്തിൽ യാത്രതിരിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സുരക്ഷാ അധികൃതരുടെ ഔദ്യോഗിക അന്വേഷണഫലങ്ങളോ മുനീർ നസ്രാവിയുടെ പ്രതികരണമോ ഇതുവരെ പുറത്തുവന്നിട്ടില്ല.




