തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഇടതുപക്ഷത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ നടത്തുന്ന പ്രചാരണം ഇടതുപക്ഷ രാഷ്ട്രീയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മമ്മൂട്ടിയെ സന്ദർശിച്ച യുവജന, വിദ്യാർഥി സംഘടനാ നേതാക്കളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ജയരാജൻ പറഞ്ഞു. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം പൊതുസമൂഹത്തിന് അറിയാവുന്നതാണ്. പഴയ തെറ്റിദ്ധാരണകൾ വീണ്ടും ഉയർത്തിക്കാട്ടി മമ്മൂട്ടിയെ വിമർശിക്കുന്നത് ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കായാണെന്നും അദ്ദേഹം ആരോപിച്ചു.
മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങുന്ന വ്യക്തിയല്ലെന്നും നാടിന്റെ പൊതുസ്വത്താണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയ എതിരാളികൾക്ക് അവസരമൊരുക്കുന്ന ഇത്തരം നീക്കങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം. വിജിൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരടങ്ങുന്ന ഇടത് നേതാക്കൾ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത്. സന്ദർശനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ചിലർ വിമർശനവുമായി രംഗത്തെത്തിയത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചുവെന്ന പഴയ സംഭവവും വിമർശകർ ചൂണ്ടിക്കാട്ടി. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചതെന്ന് പി.എസ്. സഞ്ജീവ് വ്യക്തമാക്കി. വിദ്യാർഥി സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമായാണ് ഈ കൂടിക്കാഴ്ചയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മണിക്കൂറിലധികം നീണ്ട ഗൗരവകരമായ ചർച്ചയാണ് മമ്മൂട്ടിയുമായി നടന്നതെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു. സൈബർ ആക്രമണങ്ങൾ കാരണം സാംസ്കാരിക രംഗത്തെ പ്രമുഖരുമായി സംവദിക്കുന്നതിൽ നിന്ന് സംഘടന പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


