ചെന്നൈ: കോളേജ് വിദ്യാർത്ഥിനിക്ക് ലിഫ്റ്റ് നൽകിയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിവികെ നേതാവ് ക്രിസ്റ്റഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവികെ സെൻട്രൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഇയാളെ കന്യാകുമാരി പൊലീസാണ് പിടികൂടിയത്. തക്കലയ്ക്ക് സമീപമാണ് സംഭവം.
നാഗർകോവിലിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എംഎ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പരാതിക്കാരി. സുഹൃത്തിനൊപ്പം ബസ് കാത്തുനിൽക്കുന്നതിനിടെ മഴയായതിനാൽ ഇരുവരെയും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ക്രിസ്റ്റഫർ കാറിൽ കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തിനെ വഴിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി യാത്ര തുടരുന്നതിനിടെ വാഹനം നിർത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
സംഭവത്തിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് വിവരം അറിയിക്കുകയും തുടർന്ന് തക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതോടെ ക്രിസ്റ്റഫർ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കന്യാകുമാരി പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ടിവികെയെ വിമർശിച്ച് ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തി. വിദ്യാർത്ഥിനിക്ക് പൂർണ സംരക്ഷണം ഉറപ്പാക്കണമെന്നും പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ടിവികെ അഭയം നൽകുകയാണെന്ന ആരോപണവും കനിമൊഴി ഉന്നയിച്ചു. പാർട്ടിയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോൾ വിജയ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ക്രിസ്റ്റഫറിന്റെ അറസ്റ്റിൽ രാഷ്ട്രീയ ഇടപെടലുകളില്ലെന്ന് തമിഴ്നാട് മന്ത്രി സിടിആർ നിർമൽ കുമാർ പ്രതികരിച്ചു. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കേസുകളിൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രി വിജയ്‌യുടെ നിർദേശമെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.



