കൊച്ചി: ശബരിമലയിൽ ‘ഫ്രീ ഇഷ്യു’ വിഭാഗത്തിൽ സൗജന്യമായി വിതരണം ചെയ്യുന്ന അരവണയ്ക്ക് പരിധി നിശ്ചയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണ മാത്രമേ സൗജന്യമായി നൽകൂ. ഒക്ടോബർ 27ന് ബോർഡ് എടുത്ത തീരുമാനം സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയെ അറിയിച്ചു.
സൗജന്യമായി അരവണ കൈപ്പറ്റുന്നവരുടെ പേരും മറ്റ് വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇതിനായി എക്സിക്യുട്ടീവ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓരോ വിതരണത്തിന്റെയും കൃത്യമായ രേഖയും കണക്കും സൂക്ഷിക്കുകയാണ് ലക്ഷ്യം. സൗജന്യ വിതരണത്തിന്റെ പൂർണ ഉത്തരവാദിത്വവും എക്സിക്യുട്ടീവ് ഓഫീസർക്കായിരിക്കും. ഇദ്ദേഹം നൽകുന്ന അപേക്ഷയോ സ്ലിപ്പോ ഹാജരാക്കാതെ ആർക്കും സൗജന്യ അരവണ ലഭിക്കില്ല.
‘ഫ്രീ ഇഷ്യു’ വിഭാഗത്തിൽ അരവണയും അപ്പവും വിതരണം ചെയ്യുന്നതിലും കണക്കുകൾ സൂക്ഷിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സൗജന്യ വിതരണം നിയന്ത്രിക്കുന്നതിനൊപ്പം കൃത്യമായ രേഖകളും നിരീക്ഷണവും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും കോടതി നേരത്തേ നിർദേശിച്ചിരുന്നു.
ദേവസ്വം ബോർഡിന്റെ തീരുമാനം രേഖപ്പെടുത്തിയതോടെ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് കേസ് തീർപ്പാക്കി. അമിക്കസ് ക്യൂറി സായൂജ്യ രാധാകൃഷ്ണനും കോടതിയിൽ ഹാജരായി.




