തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങൾക്കിടെ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റി. അഡീഷണൽ എക്‌സൈസ് കമ്മീഷണർക്ക് പകരം ചുമതല നൽകി. പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളും എക്‌സൈസ് മന്ത്രി എം. ലിജുവിന്റെ പരസ്യ വിമർശനവും ശക്തമായതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ എക്‌സൈസ് കമ്മീഷണർക്കെതിരെ മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കമ്മീഷണറുടെ നടപടികൾ ദുരൂഹമാണെന്നും അത് വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ബാറുകൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടുമെന്നും വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെയാണ് കമ്മീഷണർ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ അറിഞ്ഞ് തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ താഴെത്തട്ടിൽ തീരുമാനമെടുക്കാനുള്ള അധികാരം നൽകിയത് മുൻ ഇടത് സർക്കാരാണെന്നും നിലവിലുള്ള പഴുതുകൾ അടയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സാംബശിവ റാവുവിന്റെ വിശദീകരണം. മന്ത്രി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്ന ഉദ്യോഗസ്ഥനാണ് താനെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
സദ്ഭരണമാണ് ലക്ഷ്യമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ആരോപണങ്ങൾ നേരിടേണ്ടിവരുമെന്നും പറഞ്ഞ സാംബശിവ റാവു, അനാവശ്യ തിടുക്കം കാണിച്ചിട്ടില്ലെന്നും മന്ത്രിയുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നു.
ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കമ്മീഷണറെ മാറ്റിയ നടപടി എക്‌സൈസ് വകുപ്പിൽ നിർണായകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




