കൊച്ചി: സിനിമാ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾക്കെതിരെ പ്രതിഷേധവുമായി കേരള ഫിലിം ചേംബർ. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ചേംബർ, നിലവിലെ നിർദേശങ്ങൾ സിനിമാ നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ആശങ്ക അറിയിച്ച് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് ജോൺ സെൻസർ ബോർഡ് സിഇഒ രാജേന്ദ്ര സിംഗിന് കത്തയച്ചു.
ഒക്ടോബർ 26നാണ് സെൻസർ ബോർഡ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. 18 അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി. സിനിമകളുടെ പേരുകൾ മുൻകൂട്ടി അംഗീകരിച്ചതായി കണക്കാക്കാനാവില്ലെന്നും ആവശ്യമെങ്കിൽ പേരിൽ മാറ്റം വരുത്താൻ ബോർഡിന് അധികാരമുണ്ടെന്നും പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. പരിശോധനാ സമിതിക്കാണ് പേരിൽ മാറ്റം നിർദേശിക്കാനുള്ള അധികാരം.
റിലീസ് തീയതി അടുത്തിരിക്കുകയാണെന്ന കാരണത്താൽ സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. കൂടാതെ, വർക്ക് ഇൻ പ്രോഗ്രസ് (Work in Progress) ഘട്ടത്തിലുള്ള സിനിമകളുടെ അപേക്ഷകൾ ഇനി സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ സിനിമയുടെ നിർമാണം പൂർത്തിയായ ശേഷമാണ് സാധാരണയായി സർട്ടിഫിക്കേഷനായി സെൻസർ ബോർഡിന് സമർപ്പിക്കുന്നതെന്ന് ഫിലിം ചേംബർ ചൂണ്ടിക്കാട്ടുന്നു. ഈ ഘട്ടത്തിൽ സിനിമയുടെ പേര് മാറ്റാൻ ബോർഡ് നിർദേശിച്ചാൽ നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും കത്തിൽ പറയുന്നു.
സിനിമയുടെ പേരുമായി ബന്ധപ്പെട്ട് അവസാന ഘട്ടത്തിൽ മാറ്റം വരുത്തേണ്ടിവരുന്നത് പരസ്യപ്രചാരണം, പോസ്റ്ററുകൾ, മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവയെയെല്ലാം ബാധിക്കുമെന്ന ആശങ്കയും സിനിമാ മേഖലയിലുണ്ട്.
അതേസമയം, പുതിയ മാർഗനിർദേശങ്ങളിലെ മറ്റ് നാല് നിർദേശങ്ങൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഫിലിം ചേംബർ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ നിർമാതാക്കളും സെൻസർ ബോർഡും തമ്മിൽ മുൻകാലങ്ങളിൽ ഉണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.


