Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പന്ത് ചുരണ്ടാൻ ഓസ്‌ട്രേലിയൻ ടീം തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ; വെളിപ്പെടുത്തലുമായി ഉസ്മാൻ ഖവാജ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച 2018ലെ സാൻഡ്‌പേപ്പർ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഓസ്‌ട്രേലിയൻ മുൻ താരം ഉസ്മാൻ ഖവാജ. പന്തിൽ കൃത്രിമം കാണിക്കാൻ ഓസീസ് ടീം ആസൂത്രണം ചെയ്ത നീക്കങ്ങളെക്കുറിച്ചാണ് തന്റെ പുതിയ പുസ്തകമായ ‘സബ്ർ’ (Sabr) വഴി ഖവാജ വെളിപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിനിടെ ക്യാമറകളുടെ ശ്രദ്ധയിൽപ്പെടാതെ പന്തിൽ കൃത്രിമം കാണിക്കാനായിരുന്നു പദ്ധതിയെന്നാണ് ഖവാജയുടെ വെളിപ്പെടുത്തൽ.

2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്‌ടൗൺ ടെസ്റ്റിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സാൻഡ്‌പേപ്പർ വിവാദം പുറത്തുവന്നത്. ഓസ്‌ട്രേലിയൻ താരം കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്‌പേപ്പർ ഉപയോഗിച്ച് പന്തിന്റെ പ്രതലം ഉരസുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയായിരുന്നു. സംഭവത്തിൽ അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും ബാൻക്രോഫ്റ്റിനും വിലക്ക് നേരിടേണ്ടിവന്നു.

ഡ്രസ്സിംഗ് റൂമിൽ തമാശയായി തുടങ്ങിയ ആശയം പിന്നീട് ഗൗരവമുള്ള പദ്ധതിയായി മാറുകയായിരുന്നുവെന്നാണ് ഖവാജ പുസ്തകത്തിൽ പറയുന്നത്. കളത്തിലേക്ക് ഇറങ്ങുന്ന സമയത്ത് ബൗണ്ടറി ലൈനിന് സമീപം വെച്ച് പന്തിൽ കൃത്രിമം കാണിക്കാനായിരുന്നു ആദ്യ ആലോചന. അമ്പയർമാർ പന്ത് ബൗണ്ടറി ലൈനിന് സമീപം വെക്കുന്ന സമയത്ത് ക്യാമറകളുടെ ശ്രദ്ധയിൽപ്പെടാതെ ഇത് ചെയ്യാമെന്നായിരുന്നു കണക്കുകൂട്ടൽ.

എന്നാൽ ക്യാമറകൾ എപ്പോഴും തന്റെ പിന്നാലെയുണ്ടാകുമെന്നും അതിനാൽ തനിക്ക് ഈ നീക്കത്തിൽ പങ്കാളിയാകാനാകില്ലെന്നും ഡേവിഡ് വാർണർ വ്യക്തമാക്കിയതായി ഖവാജ പറയുന്നു. തുടർന്ന് ഓസീസ് ടീമിൽ അധികം മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത യുവതാരം കാമറൂൺ ബാൻക്രോഫ്റ്റ് സ്വയം മുന്നോട്ടുവരികയായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.

കേപ്‌ടൗൺ ടെസ്റ്റിൽ മഴയുള്ള അന്തരീക്ഷമായതിനാൽ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യിക്കാൻ പ്രയാസമായിരുന്നു. ഇതാണ് പന്തിൽ കൃത്രിമം കാണിക്കാനുള്ള നീക്കത്തിലേക്ക് ടീമിനെ നയിച്ചതെന്നാണ് ഖവാജയുടെ വിശദീകരണം.

ഡ്രസ്സിംഗ് റൂമിലെ കോച്ചിംഗ് സ്റ്റാഫിൽ ഒരാൾ ബാൻക്രോഫ്റ്റിനോട് പന്തിൽ കൂടുതൽ കൃത്രിമം കാണിക്കാൻ ആവശ്യപ്പെടുന്നത് താൻ നേരിട്ട് കേട്ടതായും ഖവാജ വെളിപ്പെടുത്തുന്നു. വിക്കറ്റുകൾ നഷ്ടപ്പെട്ട് ടീം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയെത്തിയപ്പോൾ ഒരു കോച്ച് ബാൻക്രോഫ്റ്റിനോട്, ഇപ്പോൾ ചെയ്യുന്നത് കൂടുതൽ ശക്തമായി തുടരാൻ നിർദേശിച്ചതായും പുസ്തകത്തിൽ പറയുന്നു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണം അപൂർണമായിരുന്നുവെന്ന വിമർശനത്തിനും ഖവാജയുടെ വെളിപ്പെടുത്തലുകൾ പുതിയ മാനം നൽകുന്നു. സംഭവം ഏതാനും കളിക്കാരുടെ മാത്രം തീരുമാനമായിരുന്നില്ലെന്നും കൂടുതൽ പേർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നുമാണ് ഖവാജയുടെ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.

അന്ന് സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയ പാറ്റ് കമ്മിൻസ് ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളും വീണ്ടും ചർച്ചകളുടെ കേന്ദ്രത്തിലായിരിക്കുകയാണ്. സാൻഡ്‌പേപ്പർ വിവാദത്തിന് എട്ട് വർഷങ്ങൾക്കിപ്പുറം പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ ഓസീസ് ക്രിക്കറ്റിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix