കൊച്ചി: കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെർമിറ്റ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘മലയിൽ’ ബസിന്റെ പെർമിറ്റാണ് ശനിയാഴ്ച മുതൽ റദ്ദാക്കിയത്. ട്രിപ്പ് മുടക്കിയതിനാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
കഴിഞ്ഞ ബുധനാഴ്ചയാണ് അമിതവേഗത്തിലെത്തിയ ‘മലയിൽ’ ബസ് ഇടിച്ച് ഇൻഫോപാർക്കിലെ ഐടി ജീവനക്കാരിയായ തൃശൂർ സ്വദേശി അക്ഷര (29) മരിച്ചത്. ജിമ്മിൽ വ്യായാമം കഴിഞ്ഞ് നടന്ന് പോകുകയായിരുന്ന അക്ഷരയെ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ബസിനെതിരെയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ, ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവറെയാണ് ബസിൽ നിയമിച്ചിരുന്നതെന്നും കണ്ടെത്തി.
ബസ് ഡ്രൈവർ സി.കെ. ബിനോയ് ലഹരി ഇടപാട്, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മരണത്തിന് പിന്നാലെ സ്വകാര്യ ബസുകളുടെ അമിതവേഗതയും ഡ്രൈവർമാരുടെ നിയമനത്തിലെ വീഴ്ചകളും വീണ്ടും ചർച്ചയാകുകയാണ്.


