പാലക്കാട്: മുതലമട സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ പരസ്യ മദ്യപാനം വിവാദത്തിൽ. ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു മദ്യപാനമെന്നാണ് ആരോപണം. സംഭവത്തെ ചോദ്യം ചെയ്ത പ്രവർത്തകരോട് സെക്രട്ടറി തട്ടിക്കയറിയതായും പരാതിയുണ്ട്. നേതാക്കളുടെ മദ്യപാനം ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ സ്ഥലത്തെത്തി ചോദ്യം ചെയ്തു.
ഇതിനിടെ ലോക്കൽ സെക്രട്ടറി ബ്രിജേഷ് പ്രവർത്തകരെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഓഫീസിലെ തന്റെ സ്വകാര്യ മുറിയാണെന്നും അവിടെ തനിക്ക് എന്തും ചെയ്യാമെന്നുമായിരുന്നു ബ്രിജേഷിന്റെ മറുപടി. സംഭവസമയത്ത് തന്നെ പ്രവർത്തകർ മുതിർന്ന നേതാക്കളെ വിളിച്ച് മദ്യപാനത്തിന്റെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. ബ്രിജേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. സംഭവം പാർട്ടിക്കുള്ളിൽ വിവാദമായിരിക്കുകയാണ്.


