പാലക്കാട്: കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ 13കാരിക്ക് നേരെ തീയേറ്ററിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി കെ.പി. ജാഫറിനെയാണ് ഷൊർണ്ണൂർ പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
ഷൊർണ്ണൂർ നഗരത്തിലെ തീയേറ്ററിൽ സിനിമ കാണാനെത്തിയ പെൺകുട്ടിയെ പ്രതി തുടക്കം മുതൽ ശല്യപ്പെടുത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായും പരാതിയിൽ പറയുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണ്ണൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


