കോഴിക്കോട്: സംസ്ഥാനത്തെ ലഹരിവിരുദ്ധ ദൗത്യമായ ‘തൂഫാന്റെ’ രണ്ടാം ഘട്ടം ഈ മാസം 16ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്ക് അടിമകളായവരെ അതിൽനിന്ന് മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തൂഫാൻ പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്നും കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ഏകദേശം 35 ശതമാനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്കൂൾ ബസ് ഡ്രൈവർമാരെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ 57 പേർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ഒറ്റദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ കണ്ടെത്തിയത്. തനിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും മന്ത്രി അറിയിച്ചു.
ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. നിയമത്തിന്റെ മറവിൽ എന്തും ചെയ്യാമെന്ന് ആരും കരുതരുതെന്നും പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങൾ ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസുകളുടെ അമിതവേഗത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സർക്കാരിന്റെ അനുമതിയില്ലാതെ ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല.


