തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിരാമിന്റെ കൊലപാതകത്തിന് പിന്നിൽ സിനിമയെ വെല്ലുന്ന ആസൂത്രണം നടന്നതായി അന്വേഷണസംഘം. കേസിലെ രണ്ടാം പ്രതി ഉമറിന്റെ വാദങ്ങൾ തള്ളിയ പൊലീസ്, കൊലപാതകത്തിൽ ഉമറിനും പങ്കുണ്ടെന്ന് ഉറപ്പിക്കുന്ന തെളിവുകൾ ലഭിച്ചതായാണ് വിവരം. കൊലപാതകം നടന്ന സ്ഥലത്ത് ഉമർ ഉണ്ടായിരുന്നതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകത്തിൽ ഒന്നാം പ്രതിയായ 17കാരനെ മാത്രം കുറ്റക്കാരനാക്കി രക്ഷപ്പെടാനായിരുന്നു ഉമറിന്റെ നീക്കമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി 17കാരനെ കുറ്റപ്പെടുത്തി ഉമർ കാമുകിക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. 17കാരൻ അഭിരാമിനെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അനുഭവിക്കട്ടെയെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് അയച്ചത്. അതേസമയം, സ്വന്തം ഫോൺ വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് ഉമർ കൊലപാതക സ്ഥലത്തേക്ക് പോയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വീട്ടിൽത്തന്നെ ഉണ്ടായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ സിസിടിവി ദൃശ്യങ്ങളിൽ മുഖം പതിയുന്ന രീതിയിൽ ബോധപൂർവം നടക്കുകയും ചെയ്തിരുന്നു. എന്നാൽ സിസിടിവി ക്യാമറകളെ കബളിപ്പിച്ച് ഇയാൾ കൊലപാതക സ്ഥലത്തെത്തിയതായാണ് പൊലീസിന്റെ നിഗമനം. മോഷണങ്ങളിൽ പ്രാവീണ്യമുള്ള ഉമർ തന്ത്രപരമായി അഭിരാമിന്റെ ഫോണും ഒളിപ്പിച്ചുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
കൊലപാതകത്തിന് മുമ്പും ശേഷവും കൃത്യമായ ആസൂത്രണം നടന്നതിന്റെ സൂചനകളാണ് തെളിവുകൾ ഇപ്പോഴും കണ്ടെത്താനാകാത്തതിലൂടെ വ്യക്തമാകുന്നതെന്ന് പൊലീസ് വിലയിരുത്തുന്നു. അഭിരാമിന്റെ മൊബൈൽ ഫോൺ, ഉപയോഗിച്ചിരുന്ന ഷൂസ്, കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ് എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒന്നും രണ്ടും പ്രതികൾ നേരത്തെയും മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണ്. മോഷണമുതൽ ഒളിപ്പിക്കുന്നതിൽ ഇരുവർക്കും പ്രാവീണ്യമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തെളിവുകൾ ആസൂത്രിതമായി നശിപ്പിച്ചതാകാമെന്നും അന്വേഷണസംഘം സംശയിക്കുന്നു.
ചോദ്യം ചെയ്യലിനോട് ഉമർ ഇതുവരെ സഹകരിച്ചിട്ടില്ല. താൻ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടിൽത്തന്നെയാണ് ഇയാൾ. തെളിവെടുപ്പിനിടെ ഉമർ പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞതും ഒന്നാം പ്രതിയെ മാത്രം കുറ്റക്കാരനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
കേസിൽ ഇനി നിർണായകമാകുക ഒന്നാം പ്രതിയായ 17കാരന്റെ മൊഴിയാണ്. ഇയാളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. അഭിരാമിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ മൺവിളയിലായിരുന്നു. അതിനാൽ കൊലപാതകം നടന്ന സ്ഥലത്തോ പരിസരത്തോ ഫോൺ ഉപേക്ഷിച്ചിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇവിടെ വിശദമായ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കാണാമറയത്തുള്ള നിർണായക തെളിവുകൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.


