തിരുവനന്തപുരം: പെട്രോളിലെ എഥനോള്‍ അളവ് കൂടുതലാണെന്ന അരോപണങ്ങൾക്ക് പിന്നാലെ അളവ് സ്ഥിരീകരിക്കാനുള്ള പരിശോധന ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ അഞ്ച് പ്രമുഖ പെട്രോള്‍ പമ്പുകളില്‍നിന്നാണ് സാംപിള്‍ ശേഖരിക്കുന്നത്. തിരുവനന്തപുരത്ത് വഴയില ഐഒസി പമ്പ്, കടവിയാര്‍ ബിപിസില്‍ പമ്പ് എന്നിവിടങ്ങളില്‍നിന്നാണ് സാംപിള്‍ ശേഖരിച്ചത്. കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ കണ്ണോത്തും ചാല് എന്ന സ്ഥലത്ത് കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന പമ്പില്‍നിന്നും കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപത്തെ ഐഒസി പമ്പില്‍നിന്നും സാംപിള്‍ എടുത്തു. 10 ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നും തുടര്‍പരിശോധന ഉണ്ടാകുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ വ്യക്തമാക്കി.
പരിശോധനയില്‍ ഓയില്‍ കമ്പനികളുടെ പ്രതിനിധികളോടും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്കായി പെസോ അംഗീകൃത ബോട്ടിലുകള്‍ എത്തിച്ചു. കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ നിര്‍ദിഷ്ട അളവില്‍ കൂടുതല്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളത്തിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരിശോധന നടത്തുന്ന പമ്പുകള്‍ ഏതൊക്കെയാണെന്ന വിവരം അവസാന നിമിഷം വരെ അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്.


