കൊച്ചി: കൊച്ചിയിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ കെ. വർഗീസ്. എറണാകുളം സെഷൻസ് കോടതിയിലാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ് താനെന്നും ദീർഘകാലമായി യുവതി തന്റെ ചികിത്സയിലാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഡോക്ടറുടെ വാദം.
പരാതിക്കാരിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും ഡോക്ടർ അവകാശപ്പെടുന്നു. അതേസമയം, പരാതിക്കാരിയുടെ ബന്ധുവായ നടിക്കെതിരെയും ജാമ്യാപേക്ഷയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പണം തട്ടിയെടുക്കാൻ നടി ശ്രമിച്ചെന്നും കടവന്ത്രയിലെ ഫ്ലാറ്റിൽ കെട്ടിയിട്ട് നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തിയെന്നും ഡോക്ടർ ആരോപിക്കുന്നു. മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതായും പണം ആവശ്യപ്പെട്ടുള്ള വാട്സ്ആപ് ചാറ്റുകൾ കൈവശമുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. മർദനവുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയിലുള്ള വിരോധമാണ് ബലാത്സംഗക്കേസിന് പിന്നിലെന്നും ഡോക്ടർ വാദിക്കുന്നു.
നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. നടിയും ബിബിനും ഉൾപ്പെടെ 12 പേർ വൈറ്റിലയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാരോപിച്ച് ജോൺസൺ കെ. വർഗീസ് കടവന്ത്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. നടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്ന് പരാതിയിൽ പറയുന്നു. മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നും ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നും ഡോക്ടർ ആരോപിച്ചിരുന്നു. നടിയെ നേരത്തേ പരിചയമുണ്ടായിരുന്നതിനാലാണ് ഫ്ലാറ്റിലെത്തിയത്. രോഗിക്ക് ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനമെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ കേസിൽ നടി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു.
എന്നാൽ, ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡോക്ടർക്കെതിരെ നടിയുടെ ബന്ധുവായ യുവതി ബലാത്സംഗ പരാതി നൽകിയത്. മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോൺസൺ കെ. വർഗീസിന്റെ ഫോണിൽനിന്ന് നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ ഡോക്ടർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ നടി, നടൻ ബിബിൻ പെരുമ്പള്ളി എന്നിവരുൾപ്പെടെ മൂന്ന് പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


