തിരുവനന്തപുരം: ഫയലുകളിൽ തീരുമാനമെടുക്കുന്നത് വൈകിക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം. ഫയലുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വൈകുന്നത് നിരവധി പേരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫയലുകളിലെ നിയമപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും വേണമെന്നും വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.
തുടർച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേർത്തത്. വകുപ്പ് സെക്രട്ടറിമാർക്കൊപ്പം മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെ നടന്ന കൂട്ടസ്ഥലംമാറ്റത്തിൽ ചില ഉദ്യോഗസ്ഥർ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച യോഗം ചേർന്നത്.
ജനങ്ങളുടെ പരാതികൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനുള്ള ‘ജനസ്പർശം’ ഫയൽ അദാലത്ത് കൂടുതൽ കാര്യക്ഷമമാക്കാൻ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം പരമാവധി സംസ്ഥാനത്തിന് ലഭ്യമാക്കണം. നിലവിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പ് വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദേശം നൽകി.
വകുപ്പ് സെക്രട്ടറിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഫയൽ കൈകാര്യം ചെയ്യൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ഫയലുകൾ ക്രമീകരിക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും ചേരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ മുൻഗണനാ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനും അവയുടെ പുരോഗതി കൃത്യമായി വിലയിരുത്താനും സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.


