കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സനാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം ചേർന്നു. ന്യൂസീലൻഡിനെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലാണ് സനാന് ഇടം ലഭിച്ചത്. മുന്നേറ്റതാരം എഡ്മണ്ട് ലാൽറിൻഡികയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് പകരക്കാരനായി സനാനെ ടീമിൽ ഉൾപ്പെടുത്തിയത്.
ന്യൂസീലൻഡിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. ആദ്യ മത്സരം നവംബർ 12ന് ഓക്ക്ലാൻഡിലും രണ്ടാം മത്സരം നവംബർ 15ന് ക്രൈസ്റ്റ്ചർച്ചിലുമാണ് നടക്കുക. മത്സരങ്ങൾക്കുള്ള 23 അംഗ ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രതിരോധ താരം ബിയോജ് വർഗീസ്, മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയൻ, ജിതിൻ എം.എസ്, മുന്നേറ്റതാരം മുഹമ്മദ് സുഹൈൽ എന്നിവരുൾപ്പെടെ മറ്റ് മലയാളി താരങ്ങളും ടീമിലുണ്ട്.


