തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി പ്രത്യേക അന്വേഷണസംഘം (എസ്ഐടി). ദേവസ്വം വകുപ്പ് സെക്രട്ടറിക്കാണ് അനുമതി തേടി അപേക്ഷ നൽകിയത്. അനുമതി ലഭിച്ചാൽ കേസിൽ കുറ്റപത്രം സമർപ്പിക്കും.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് എസ്ഐടി പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ നൽകിയത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ നേരത്തെ കോടതിയും വിമർശനം ഉന്നയിച്ചിരുന്നു.
ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരും ഭാരവാഹികളും പ്രതിപ്പട്ടികയിലുള്ളതിനാലാണ് ദേവസ്വം സെക്രട്ടറിയുടെ അനുമതി തേടിയത്. കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇതിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അടുത്തിടെ അന്തരിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ശ്യാംപ്രകാശ്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ തിരുവാഭരണ കമ്മീഷണർ ബൈജു, മുൻ ബോർഡ് അംഗങ്ങളായ വിജയകുമാർ, കെ.പി. ശങ്കരദാസ്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികൾ. സുധീഷ്, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടി ഹൈക്കോടതിയോട് കൂടുതൽ സമയം തേടിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം ഹർജി പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നുമാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.




