കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ പിടിയിൽ. അരുൺ എസ്ര, മേരി ലോപ്പസ് എന്നിവരെയാണ് ചണ്ഡീഗഢിൽ എത്തിയ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾ മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു.
പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഹിമാചൽ പ്രദേശിലും ചണ്ഡീഗഢിലും ക്യാമ്പ് ചെയ്തായിരുന്നു അന്വേഷണം. പൊലീസ് എത്തിയതിന്റെ സൂചന ലഭിച്ചതോടെ മണാലിയിലെ ഒളിത്താവളത്തിൽനിന്ന് പ്രതികൾ ചണ്ഡീഗഢിലേക്ക് കടന്നു.
തുടർന്ന് പ്രതികളെ പിന്തുടർന്ന പൊലീസ് ഒൻപതിന് പുലർച്ചെ മൂന്നുമണിയോടെ ചണ്ഡീഗഢിലെ സെക്ടർ 17-ലെ ഡൗൺടൗൺ ഹോട്ടൽ പരിസരത്തുനിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
സിറ്റി പൊലീസ് കമ്മീഷണർ അശ്വതി ജിജിയുടെ നിർദേശപ്രകാരം എ.സി.പി ഷാജി സുഗുണൻ, സി.ഐ രാജേഷ്, എസ്.എച്ച്.ഒ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം ഏകോപിപ്പിച്ചത്. അഞ്ചാലുംമൂട് എസ്.ഐ സാന്റോ പി.എ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റോസി സേവ്യർ, സിവിൽ പൊലീസ് ഓഫീസർമാരായ വിഘ്നേഷ്, സുനിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം കൊല്ലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.


