കൊച്ചി: കൊച്ചിയിലെ ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയ പൊലീസ് നടപടിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. പൊലീസ് നൽകിയ നോട്ടീസുകൾ റദ്ദാക്കിയ കോടതി, ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാകില്ലെന്ന് വ്യക്തമാക്കി. ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കൃത്യമായ നിയമപരമായ മാനദണ്ഡങ്ങൾ വേണമെന്നും കോടതി നിരീക്ഷിച്ചു.
ശബ്ദമലിനീകരണമുണ്ടായാൽ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. റാഡിസൺ ബ്ലൂ ഹോട്ടൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. നിശ്ചിത ഫീസ് അടച്ചാൽ പുലർച്ചെ മൂന്ന് മണിവരെ ഹോട്ടലിന് പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി.
ബാർ ഹോട്ടലുകൾ രാത്രി 12 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ എന്നായിരുന്നു പൊലീസിന്റെ നോട്ടീസ്. എന്നാൽ 15 ദിവസത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നോട്ടീസ് നൽകാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


