ഇസ്ലാമാബാദ്: സൗദി അറേബ്യയെ പിന്തുണച്ച് ഹൂതികൾക്കെതിരെ നിലപാടെടുത്ത പാകിസ്താന് നേരിട്ടുള്ള മുന്നറിയിപ്പുമായി യെമനിലെ ഹൂതി ഭരണകൂടം. സൗദി അറേബ്യയ്ക്ക് സൈനികരെയോ ആയുധങ്ങളോ രഹസ്യാന്വേഷണ വിവരങ്ങളോ മറ്റ് സൈനിക സഹായങ്ങളോ നൽകരുതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ പാർലമെന്റ് പാകിസ്താനോട് ആവശ്യപ്പെട്ടു. സൗദിയുടെ സൈനിക നീക്കങ്ങളിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ ഗുരുതരമായ നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
യെമനിലെ സൈനിക നീക്കങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഇറാനും പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങൾ പാകിസ്താൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മക്ക പ്രതിരോധ കരാറിനെ കടുത്ത സമ്മർദത്തിലാക്കിയിരിക്കുകയാണ്.
സൗദിയുമായുള്ള കരാർ പ്രതിരോധ സഹകരണത്തിനുള്ള സംവിധാനം മാത്രമാണെന്നാണ് പാകിസ്താന്റെ വിശദീകരണം. എന്നാൽ സൗദി അറേബ്യയെയും രണ്ട് വിശുദ്ധ മസ്ജിദുകളെയും സംരക്ഷിക്കുമെന്ന് പാക് സൈനിക നേതൃത്വം നേരത്തെ ഉറപ്പുനൽകിയിരുന്നു. യെമനിലെ ഹൂതി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സൈനിക നീക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ, സൗദിക്ക് സൈനികരെയും ആയുധങ്ങളെയും രഹസ്യാന്വേഷണ വിവരങ്ങളെയും കൈമാറുന്നത് നേരിട്ടുള്ള പ്രകോപനമായി കണക്കാക്കുമെന്നാണ് ഹൂതികളുടെ നിലപാട്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വ്യാപിച്ചാൽ പാക് സൈനികരും ഹൂതികളുടെ ആക്രമണലക്ഷ്യമായി മാറാനുള്ള സാധ്യതയുണ്ട്.
മേഖലയിൽ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നതായി പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും സൗദിയുടെ സാമ്പത്തിക സഹായവും സ്വാധീനവുമാണ് ഇസ്ലാമാബാദിന്റെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. അസിം മുനീറിന്റെ സൗദി അനുകൂല നിലപാട് ഇറാൻ പിന്തുണയുള്ള സായുധസംഘങ്ങളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് പാകിസ്താനെ എത്തിച്ചേക്കാമെന്നും ഇത് ഇറാനുമായുള്ള ബന്ധം കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്നുമാണ് ആശങ്ക.


