ചെന്നൈ: തമിഴ്- തെലുങ്ക് ചലച്ചിത്ര താരം പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. ദീർഘകാല സുഹൃത്തും പ്രണയിതാവുമായ രാജ്വേൽ രാജാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
കോളേജ് കാലം മുതൽ പരസ്പരം അറിയാവുന്ന പ്രിയയും രാജ്വേലും പത്ത് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വാർത്താ അവതാരികയായാണ് പ്രിയ ഭവാനി ശങ്കർ കരിയർ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തി. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് സിനിമയിലെ അരങ്ങേറ്റം. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകശ്രദ്ധ നേടി.
അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഇരുമുടി’യിലെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘ഡിമോണ്ടെ കോളനി 3’ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രിയയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.


