ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ അപൂർവ ക്രിക്കറ്റ് സ്മാരകങ്ങൾ ഇനി ആരാധകർക്ക് നേരിൽ കാണാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ പൂർത്തിയാക്കാൻ ഉപയോഗിച്ച ബാറ്റുകൾ ഉൾപ്പെടെ തന്റെ കരിയറിലെ വിലപ്പെട്ട ക്രിക്കറ്റ് ഉപകരണങ്ങൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എംസിഎ) ശരദ് പവാർ ക്രിക്കറ്റ് മ്യൂസിയത്തിന് സമ്മാനിക്കുകയാണ് സച്ചിൻ. അദ്ദേഹത്തിന്റെ കരിയറിലെ 26 ബാറ്റുകളാണ് പ്രത്യേക പ്രദർശനത്തിന്റെ പ്രധാന ആകർഷണം.
സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച നവംബർ 16ന്റെ ഓർമ്മയ്ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ ശേഖരം അനാച്ഛാദനം ചെയ്യും. 2013 നവംബർ 16ന് സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 200-ാം ടെസ്റ്റ് മത്സരം കളിച്ച ശേഷമായിരുന്നു സച്ചിന്റെ വിരമിക്കൽ.
‘ബാറ്റോഗ്രാഫി’ എന്ന പേരിലാണ് മ്യൂസിയത്തിൽ പ്രത്യേക പ്രദർശനം ഒരുക്കുന്നത്. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ നിർണായക നിമിഷങ്ങൾക്ക് സാക്ഷിയായ 26 ബാറ്റുകൾക്കൊപ്പം ഹെൽമറ്റുകൾ, ജേഴ്സികൾ, കൈയെഴുത്ത് കുറിപ്പുകൾ തുടങ്ങിയ അപൂർവ സ്മാരകങ്ങളും പ്രദർശനത്തിലുണ്ടാകും.
ഒരു ജീവചരിത്രം പോലെ സച്ചിന്റെ ക്രിക്കറ്റ് യാത്ര അവതരിപ്പിക്കുകയാണ് ‘ബാറ്റോഗ്രാഫി’യുടെ ലക്ഷ്യം. ഓരോ ബാറ്റും അദ്ദേഹത്തിന്റെ കരിയറിലെ ഓരോ പ്രധാന അധ്യായത്തെ പ്രതിനിധീകരിക്കും. ക്രിക്കറ്റിലെ ചരിത്രനിമിഷങ്ങൾക്ക് പിന്നിലെ കഥകൾ ആ നിമിഷങ്ങളിൽ ഉപയോഗിച്ച ഉപകരണങ്ങളിലൂടെ ആരാധകർക്ക് അനുഭവിക്കാനാകും.
ഇന്ത്യൻ, ലോക ക്രിക്കറ്റിന് സച്ചിൻ നൽകിയ സംഭാവനകൾ റെക്കോർഡുകൾക്കപ്പുറമാണെന്ന് എംസിഎ പ്രസിഡന്റ് അജിങ്ക്യ നായിക് പറഞ്ഞു. ദശലക്ഷക്കണക്കിന് ആരാധകരുടെ ഓർമ്മകളുമായി സച്ചിന്റെ ക്രിക്കറ്റ് യാത്ര ചേർന്നുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വ്യക്തിപരമായ ഓർമ്മകളാണ് ഈ ബാറ്റുകളെന്നും നായിക് വ്യക്തമാക്കി.
സച്ചിന്റെ വിലപ്പെട്ട ശേഖരം മ്യൂസിയത്തിന് കൈമാറാൻ അദ്ദേഹം തയ്യാറായതിൽ അഭിമാനമുണ്ടെന്നും ഇതിലൂടെ എംസിഎ മ്യൂസിയത്തിന് പുതിയൊരു മാനം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റ് ആരാധകർക്ക് സച്ചിന്റെ സുവർണകാലത്തെ ഓർമ്മകൾ നേരിട്ട് അനുഭവിക്കാനുള്ള അവസരമായിരിക്കും ഈ പ്രദർശനം. തലമുറകളെ പ്രചോദിപ്പിച്ച ക്രിക്കറ്റ് ഇതിഹാസത്തിന്റെ അസാധാരണമായ കരിയറിന് ആദരമർപ്പിക്കുന്ന വേദിയായും ‘ബാറ്റോഗ്രാഫി’ മാറും.


