കൊല്ലം: മാരകായുധങ്ങളുമായി എത്തിയ സംഘം തട്ടുകട അടിച്ചുതകർക്കുകയും തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയും ചെയ്തു. ആക്രമണം തടയാൻ ശ്രമിച്ച കടയുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. വടിവാൾ ഉപയോഗിച്ച് വെട്ടാനും ശ്രമിച്ചതായി പരാതി.
പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശി കടയുടമ ജെ. നാസിം, തൊഴിലാളി മോഹനൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞാണ് അക്രമികൾ കടയിൽ പ്രശ്നമുണ്ടാക്കിയതെന്ന് കടയുടമ നാസിം പറഞ്ഞു. തർക്കം രൂക്ഷമായതോടെ കടയിലെ പലഹാരങ്ങൾ വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തൊഴിലാളി മോഹനന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചത്. അക്രമം തടയാൻ ശ്രമിച്ച നാസിമിനെയും സംഘം മർദിച്ചു. വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടഞ്ഞതായും പരാതിയിൽ പറയുന്നു. പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
പ്രദേശത്ത് ലഹരി വിൽപനയും ഗുണ്ടാപ്രവർത്തനങ്ങളും നടത്തുന്ന യുവാവും സുഹൃത്തുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കടയുടമയും തൊഴിലാളിയും കൊട്ടിയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
മാരകായുധങ്ങളുമായി പ്രദേശത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഗുണ്ടാപ്പിരിവ് നടത്തുകയും ചെയ്യുന്നവരാണ് അക്രമികളെന്നും ഇവർക്കെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നുവെന്നും പരാതിക്കാർ ആരോപിച്ചു.


