ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിയതോടെ സൗദി അറേബ്യയിൽ യാത്രക്കാർ പ്രതിസന്ധിയിൽ. നാട്ടിലേക്ക് മടങ്ങാനാകാതെ പ്രവാസികളും ഉംറ തീർഥാടകരുമാണ് ദുരിതത്തിലായിരിക്കുന്നത്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ കമ്പനികളാണ് താൽക്കാലികമായി സർവീസുകൾ നിർത്തിവച്ചത്. സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ഇൻഡിഗോ വീണ്ടും നീട്ടിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളും കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നാണ് വിമാനക്കമ്പനികളുടെ നിലപാട്.
വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ്. നേരത്തെ 15,000 രൂപയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിന് 40,000 മുതൽ 50,000 രൂപ വരെ നൽകേണ്ട അവസ്ഥയാണ്. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് എത്രയും വേഗം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അതേസമയം, ഉംറ തീർഥാടകരായി സൗദിയിലെത്തിയ പലർക്കും വിമാന സർവീസുകൾ നിലച്ചതോടെ വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാകുന്നില്ല. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരെ നിയമലംഘകരായി കണക്കാക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്. ഇതോടെ യാത്രാ പ്രതിസന്ധിക്കൊപ്പം നിയമനടപടികൾ നേരിടേണ്ടിവരുമെന്ന ഭീതിയിലുമാണ് തീർഥാടകർ.


