തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും തിരിച്ചറിയൽ രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുമായി ഏകീകൃത തിരിച്ചറിയൽ പോർട്ടൽ ആരംഭിക്കാൻ സർക്കാർ. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ കേരള മിഷനാണ് പോർട്ടൽ തയ്യാറാക്കുന്നത്.
അതിഥിത്തൊഴിലാളികൾക്കിടയിൽ വ്യാജ ആധാർ കാർഡുകൾ വ്യാപകമാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാർ നടപടി. തൊഴിൽ, ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശഭരണം, റവന്യൂ എന്നീ ആറ് വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി ആറ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേരും.
മൂന്ന് മാസത്തിനുള്ളിൽ പോർട്ടൽ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് നിലവിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെയും ജോലി തേടി എത്തിയെങ്കിലും ഇപ്പോൾ തൊഴിൽ ലഭിക്കാത്തവരുടെയും വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തും.
ആധാർ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖകളും പരിശോധിച്ച് അവയുടെ കൃത്യത ഉറപ്പാക്കും. നിലവിൽ അതിഥിത്തൊഴിലാളികൾ സമർപ്പിക്കുന്ന ആധാർ ഉൾപ്പെടെയുള്ള രേഖകളുടെ ആധികാരികത പരിശോധിക്കാൻ തൊഴിൽ വകുപ്പിന് ഏകീകൃത സംവിധാനമില്ല. പുതിയ പോർട്ടൽ വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.


