ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. കൈകാലുകൾ കയർ ഉപയോഗിച്ച് ബന്ധിച്ച ശേഷം യുവതിയെ വലിച്ചിഴയ്ക്കുകയും വടികൾ കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു.
യുവതിയെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനിടെ യുവതിയുടെ വായിൽ നിന്ന് രക്തം വരുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ യുവതിയെ രക്ഷിക്കാൻ ആരും മുന്നോട്ടുവന്നില്ല.
അഞ്ച് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.




