മൊഹാലി: താരക്കൈമാറ്റത്തിലൂടെ പഞ്ചാബ് കിങ്സിലെത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഹാർദിക് പാണ്ഡ്യ. പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും പരിശീലകൻ റിക്കി പോണ്ടിങ്ങിനും പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് ഹാർദിക്കിന്റെ പ്രതികരണം. അതേസമയം, ഹാർദിക്കിന് പകരം മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകൻ ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
മുംബൈ ഇന്ത്യൻസിന്റെ നായകനായിരുന്ന ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലെത്തിയതോടെ ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ താരത്തിന്റെ പുതിയ റോൾ എന്തായിരിക്കുമെന്നായിരുന്നു ആരാധകർ ഉറ്റുനോക്കിയിരുന്നത്. താരക്കൈമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ആദ്യ പ്രതികരണത്തിൽ തന്നെ ഇക്കാര്യത്തിൽ ഹാർദിക് വ്യക്തത വരുത്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും പരിശീലകൻ റിക്കി പോണ്ടിങ്ങിനും ടീമിനും ഒപ്പമായിരിക്കും താനെന്നായിരുന്നു ഹാർദിക്കിന്റെ പ്രതികരണം.
‘എന്റെ ക്യാപ്റ്റൻ ശ്രേയസ്, എന്റെ പരിശീലകൻ റിക്കി, എന്റെ ടീം പഞ്ചാബ്’ എന്നായിരുന്നു ഹാർദിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ശ്രേയസിന്റെ നായകസ്ഥാനത്തിന് താൻ വെല്ലുവിളിയാകില്ലെന്ന വ്യക്തമായ സൂചന കൂടിയാണ് ഈ പ്രതികരണം.
മുംബൈ ഇന്ത്യൻസിനൊപ്പം നാല് ഐപിഎൽ കിരീടങ്ങളിൽ പങ്കാളിയായ ഹാർദിക് 2022ൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി. അരങ്ങേറ്റ സീസണിൽ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ച മികവുമായാണ് താരം മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയത്. ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് രോഹിത് ശർമയ്ക്ക് പകരം ഹാർദിക്കിനെ നായകനാക്കുന്നതെന്ന് അന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർച്ചയായ മൂന്ന് സീസണുകളിലും മുംബൈയുടെ പ്രകടനം നിരാശപ്പെടുത്തിയതോടെ ഹാർദിക്കിന് നായകസ്ഥാനം നഷ്ടമായി.
ഇതോടെ പുതിയ നായകൻ ആരാകുമെന്ന ചർച്ചകൾ മുംബൈ ആരാധകർക്കിടയിൽ സജീവമായിരിക്കുകയാണ്. രോഹിത് ശർമ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. നായകസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രോഹിത്തും ടീം മാനേജ്‌മെന്റും ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. തിലക് വർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഡിസംബർ 16ന് നടക്കുന്ന താരലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.


