ഗുവാഹത്തി: ട്രെയിനിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിലെ പരിപ്പുകറിയിൽ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കരാറുകാരനെതിരെ നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി). കരാറുകാരന് പിഴ ചുമത്തുകയും സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു.
ഗുവാഹത്തി– ഓഖ ദ്വാരക എക്സ്പ്രസിൽ യാത്ര ചെയ്ത അമിത് അവസ്തിയാണ് ഭക്ഷണത്തിൽ ലോഹക്കഷണം കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു. ഭക്ഷണത്തിന്റെ പകുതിയോളം കഴിച്ച ശേഷമാണ് പരിപ്പുകറിയിൽ വെള്ളിനിറത്തിലുള്ള ലോഹക്കഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു. അറിയാതെ ലോഹക്കഷണം ഭക്ഷണത്തോടൊപ്പം ഉള്ളിൽ ചെന്നിരിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറിന്റെ ഭാഗമാണ് ഭക്ഷണത്തിൽ കണ്ടെത്തിയതെന്നാണ് ജീവനക്കാർ നൽകിയ വിശദീകരണം. സ്ക്രബറിൽനിന്ന് ലോഹക്കഷണം കറിയിൽ വീണതാകാമെന്ന് ട്രെയിനിലെ കാറ്ററിങ് ജീവനക്കാരനും വ്യക്തമാക്കിയതായി അമിത് അവസ്തി പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഐആർസിടിസി കരാറുകാരനെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്.



