ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ പൂർണമായും പിൻവലിക്കണമെന്ന് സംയുക്ത പാർലമെന്ററി സമിതിക്ക് മുന്നിൽ ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ. അതേസമയം, വിദേശ ഫണ്ടിങ്ങിന് കൂടുതൽ കർശന നിയന്ത്രണം വേണമെന്നും നിലവിലെ നിയമം ശക്തിപ്പെടുത്തണമെന്നും ആർ.എസ്.എസ് അനുകൂല സംഘടനകൾ ആവശ്യപ്പെട്ടു. വ്യാഴാഴ്ച പാർലമെന്റ് സമുച്ചയത്തിൽ ചേർന്ന സമിതി യോഗത്തിലാണ് ഇരുവിഭാഗങ്ങളും വ്യത്യസ്ത നിലപാടുകൾ അറിയിച്ചത്. ഷില്ലോങ്, കൊച്ചി, ഗോവ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയ ശേഷമാണ് സമിതി ഡൽഹിയിൽ വീണ്ടും യോഗം ചേർന്നത്.
ബിൽ നിയമമായാൽ സമുദായത്തിന്റെ മതസ്വാതന്ത്ര്യം പൂർണമായി ഇല്ലാതാകുമെന്ന് വിവിധ ക്രൈസ്തവ സംഘടനകളുടെ ഐക്യവേദിയായ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ (എൻ.സി.സി.ഐ) ജനറൽ സെക്രട്ടറി ഫാ. ആസിർ എബിനേസർ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി ക്രൈസ്തവ സംഘടനകൾ നടത്തിവരുന്ന സേവനപ്രവർത്തനങ്ങൾ തടസ്സപ്പെടാനും ഭേദഗതി കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പോസ്തൽസ് മെത്തഡിസ്റ്റ് ചർച്ച്, ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, ജീസസ് റിഡീംസ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും സമാനമായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം, വനവാസി കല്യാൺ ആശ്രമം, അഖിൽ ഭാരതീയ അഭിഭാഷക പരിഷത്ത്, രാഷ്ട്രീയ സേവാഭാരതി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ബില്ലിനെ അനുകൂലിച്ചു.
സമിതിയുടെ അടുത്ത സിറ്റിങ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ശീതകാല സമ്മേളനത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കമെങ്കിലും നിലവിലെ സാഹചര്യത്തിൽ സമയബന്ധിതമായി റിപ്പോർട്ട് നൽകാനാകുമോ എന്നതിൽ വ്യക്തതയില്ല.


