ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് പി.ടി. ഉഷയുടെ നീക്കങ്ങൾ കായികരംഗത്ത് ചർച്ചയാകുന്നു. ഉഷയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ എതിർചേരിയിലുള്ള ദേശീയ കായിക ഫെഡറേഷൻ (എൻഎസ്എഫ്) പ്രതിനിധികൾ ഇന്ന് ഡൽഹിയിൽ അനൗദ്യോഗിക യോഗം ചേരുമെന്നാണ് സൂചന. ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഉഷ ഇന്നലെ തിരുവനന്തപുരത്തെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി സൂചനയുണ്ട്. ഇന്ന് ബെംഗളൂരുവിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ മാസം 26ന് നടക്കുന്ന ഐഒസി യോഗത്തിൽ 2036ലെ ഒളിമ്പിക്സ് വേദിക്കായുള്ള ഇന്ത്യയുടെ അവതരണത്തിൽ നിന്ന് ഉഷ പിന്മാറുമോയെന്ന കാര്യത്തിലും ആകാംക്ഷ നിലനിൽക്കുന്നു.
അതേസമയം, ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗഗൻ നാരംഗിന് തന്നെയാണ് മുൻതൂക്കമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. കായിക സംഘടനകളുടെ പ്രതിനിധി എന്ന നിലയിൽ ആദിൽ സുമരിവാലയും മത്സരരംഗത്തേക്ക് എത്താൻ ശ്രമിക്കുന്നുണ്ട്. കായിക സംഘടനാ പ്രതിനിധികളുടെ നാമനിർദേശവുമായി ബന്ധപ്പെട്ട് എതിർപ്പുകളുണ്ടെങ്കിൽ ഇന്ന് അറിയിക്കാമെന്നാണ് സൂചന.
ഐസ് ഹോക്കി ഫെഡറേഷന്റെ നാമനിർദേശത്തിനെതിരെ പരാതിയുണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്. ടെന്നിസ് അസോസിയേഷനിലെ തർക്കവും രൂക്ഷമാണ്. ലിയാൻഡർ പെയ്സിനെ ഒഴിവാക്കിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഉഷയുടെ എതിർപക്ഷത്തുള്ള സഹദേവ് യാദവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നുണ്ട്.
ഐഒഎ തെരഞ്ഞെടുപ്പ് നടപടികളിൽ ഖേദം പ്രകടിപ്പിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രതികരിച്ചതായി ഒരു സ്പോർട്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ ഐഒസി നേരിട്ട് ഇടപെടുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഐസ് ഹോക്കി ഫെഡറേഷന്റെ നാമനിർദേശം നിർണായകം
അവസാന നിമിഷത്തെ നീക്കങ്ങൾക്കൊടുവിലാണ് പി.ടി. ഉഷ ഐഒഎ ജനറൽ അസംബ്ലിയിലേക്ക് എത്തിയത്. വനിതാ പ്രതിനിധി എന്ന നിലയിൽ ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശത്തിലൂടെയാണ് ഉഷയ്ക്ക് ജനറൽ അസംബ്ലിയിൽ ഇടം ലഭിച്ചത്.
നേരത്തെ അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രതിനിധി പട്ടികയിൽ ഉഷയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഭരണസമിതിയിലെത്താൻ ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധിയാകുക എന്നതായിരുന്നു ഉഷയ്ക്ക് മുന്നിലുണ്ടായിരുന്ന വഴി.
ഐസ് ഹോക്കി ഫെഡറേഷന്റെ നാമനിർദേശത്തിലൂടെ ജനറൽ അസംബ്ലിയിലെത്താനുള്ള അവസരം ഉഷയ്ക്ക് ലഭിക്കുകയായിരുന്നു. ഇതോടെ ഐഒഎ തെരഞ്ഞെടുപ്പിൽ പുതിയ രാഷ്ട്രീയ-കായിക നീക്കങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.


