ലോകമെമ്പാടുമുള്ള സർക്കാർ സ്ഥാപനങ്ങളെയും ബിസിനസ് മേഖലയെയും ബാധിച്ച് മൈക്രോസോഫ്റ്റ് സേവനങ്ങളിൽ വൻ തകരാർ. ഒൻപത് മണിക്കൂറിലധികം നീണ്ട പ്രതിസന്ധിയിൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇമെയിൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. മൈക്രോസോഫ്റ്റ് 365 സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർക്കാണ് പ്രധാനമായും തടസ്സം നേരിട്ടത്. ടീംസ്, വേഡ്, എക്സൽ, പവർപോയിന്റ്, ഔട്ട്ലുക്ക് തുടങ്ങിയ സേവനങ്ങളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. ഇതോടെ ജീവനക്കാരുടെ ഔദ്യോഗിക ജോലികളും ആശയവിനിമയവും താളംതെറ്റി.
സർക്കാർ ഏജൻസികൾ, ബിസിനസ് സ്ഥാപനങ്ങൾ, മൈക്രോസോഫ്റ്റിലെ ജീവനക്കാർ എന്നിവരെയും തകരാർ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. പ്രശ്നം ആരംഭിച്ചതിന് പിന്നാലെ തന്നെ സേവനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് അറിയിച്ച് ഏകദേശം 1.30 ലക്ഷം പരാതികൾ ഉയർന്നിരുന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും പ്രതിസന്ധി തുടർന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കൾ ദുരിതത്തിലായി.


