പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. എൽ.ഐ.സിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ തീർത്ഥാടനത്തിനിടെ മരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുകയായി ലഭിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ വഴി ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ശബരിമലയിൽ എത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും പരിരക്ഷ.
തീർത്ഥാടനകാല ഒരുക്കങ്ങൾ പൂർത്തിയായി
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നട തുറക്കുന്നതിന് മുൻപ് പൂർത്തിയാക്കുമെന്ന് കെ. ജയകുമാർ വ്യക്തമാക്കി. തീർത്ഥാടകർക്ക് സൗകര്യപ്രദമായ ദർശനം ഉറപ്പാക്കുന്നതിനുള്ള തീരുമാനങ്ങളാണ് ബോർഡ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ മരാമത്ത് പണികളും പൂർത്തിയായിട്ടുണ്ട്.
മലകയറുമ്പോൾ വിശ്രമിക്കാൻ ഇരിപ്പിടങ്ങളില്ലെന്ന പരാതി പരിഹരിക്കാൻ 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചു. നിലയ്ക്കലിൽ രണ്ടായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാവുന്ന രണ്ട് വലിയ പന്തലുകളും ഒരുക്കിയിട്ടുണ്ട്. വഴിപാടുകൾക്ക് ഡിജിറ്റൽ പണമിടപാട് സംവിധാനത്തിന് പ്രാധാന്യം നൽകും. എല്ലാ ഡോളി സർവീസുകളും ഇനി മുതൽ മുൻകൂർ പണമടച്ചുള്ള സംവിധാനത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 17ന് നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകും. അരവണ നിർമാണത്തിന് ആവശ്യമായ ശർക്കരയുടെ കാര്യത്തിൽ നിലവിൽ ആശങ്കകളില്ല. നെയ്യ് മിൽമയിൽ നിന്നാണ് വാങ്ങുന്നത്. മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചിട്ടുണ്ടെന്നും നിലവിൽ തടസ്സങ്ങളില്ലെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു.
ശുചിമുറികൾ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ ദേവസ്വം നേരിട്ട് കൈകാര്യം ചെയ്യും. ഓരോ മണിക്കൂർ ഇടവിട്ട് ശുചീകരണം നടത്തും. ഇതിനായി 200ലധികം തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.
അരവണയും അപ്പവും തപാൽ വഴി ലഭ്യമാക്കുന്നതിനും ഇത്തവണ മുതൽ ക്രമീകരണമുണ്ടാകും. തപാൽ വകുപ്പുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും കെ. ജയകുമാർ വ്യക്തമാക്കി.


