പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെച്ചൊല്ലി മുൻ എംഎൽഎ വീണ ജോർജും നിലവിലെ എംഎൽഎ അബിൻ വർക്കിയും തമ്മിൽ ഫേസ്ബുക്കിൽ വാക്പോര്. പാലം അനുവദിച്ചതും നിർമ്മാണത്തിന് പണം കണ്ടെത്തിയതും ആരെന്ന കാര്യത്തിലാണ് തർക്കം.
2016ൽ താൻ ആറന്മുള എംഎൽഎയായിരുന്ന സമയത്തെ ഇടപെടലുകളെ തുടർന്നാണ് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കോഴഞ്ചേരി പുതിയ പാലം പ്രഖ്യാപിച്ചതെന്ന് വീണ ജോർജ് പറഞ്ഞു. 2016 ഒക്ടോബർ 31ന് 22.02 കോടി രൂപയുടെ ഭരണാനുമതിയും 2017 ഓഗസ്റ്റ് 21ന് 19.77 കോടി രൂപയുടെ സാമ്പത്തികാനുമതിയും കിഫ്ബി വഴി ലഭിച്ചു. 2018ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചതെന്നും അവർ വ്യക്തമാക്കി.
2018ലെ പ്രളയം, തുടർന്നുണ്ടായ കനത്ത മഴ, കോവിഡ് മഹാമാരി, ജിഎസ്ടി കേസുകൾ, സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ, കോടതി സ്റ്റേകൾ എന്നിവയാണ് നിർമ്മാണം വൈകാൻ കാരണമായതെന്നും വീണ ജോർജ് വിശദീകരിച്ചു. കോടതി ഉത്തരവിനെ തുടർന്ന് ആദ്യ കരാറുകാരൻ പിന്മാറിയതോടെ ആറ് തവണ റീടെൻഡർ നടത്തേണ്ടി വന്നതായും അവർ പറഞ്ഞു.
2024 ജനുവരിയിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ പണം കൈമാറിയിരുന്നു. പാലം അനുവദിച്ചതും പണം നൽകിയതും യുഡിഎഫ് ആണെന്ന അബിൻ വർക്കിയുടെ അവകാശവാദം തെറ്റാണെന്നും വീണ ജോർജ് ആരോപിച്ചു. തെറ്റായ പ്രചാരണം നടത്തിയതിന് അബിൻ വർക്കി മാപ്പ് പറയണമെന്നും മുൻ എംഎൽഎ ആവശ്യപ്പെട്ടു.


