കാസർകോട്: കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണവുമായി കെപിസിസിക്ക് പരാതി. കെപിസിസി സെക്രട്ടറി സുബ്ബയ്യ റായിയാണ് പരാതി നൽകിയത്. മുൻ എംപി അന്തരിച്ച രാമറായിയുടെ മകനാണ് സുബ്ബയ്യ റായി.
സാമ്പത്തിക നേട്ടമുണ്ടാക്കാൻ പി കെ ഫൈസൽ ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം. ഡിസിസി ഓഫീസിന്റെ മൂന്നാം നിലയ്ക്ക് അന്തരിച്ച രാമറായിയുടെ പേരിടുന്നതിനായി 20 ലക്ഷം രൂപ നൽകണമെന്ന് ഫൈസൽ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. എന്നാൽ, ഇപ്പോൾ അന്തരിച്ച മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം നിർമിക്കുന്നതിനാണ് പിരിവ് നടത്തുന്നതെന്നും സുബ്ബയ്യ റായി ആരോപിച്ചു.
അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്ന് പി കെ ഫൈസൽ പ്രതികരിച്ചു. രാമറായിയുടെ പേരിൽ കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സുബ്ബയ്യ റായിയെ ഫോണിൽ വിളിക്കുകയോ പണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും ഫൈസൽ പറഞ്ഞു.
കെ പി കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസിക്ക് പരാതി നൽകുമെന്നും പി കെ ഫൈസൽ അറിയിച്ചു.


