കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടെത്തി. കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കക്കാട് മാളിയേക്കൽ അബൂബക്കർ ഹാജിയുടെ മകൻ മുൻഷിർ (26) ആണ് മരിച്ചത്.
കുറച്ചുകാലമായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന മുൻഷിറിനെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്ന് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതശരീരം കരയ്ക്കെത്തിച്ച ശേഷം മുൻഷിറിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മുക്കം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.


