ന്യൂഡൽഹി: രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസിൽ പഞ്ചാബ് സ്വദേശിനിയായ മഹക്ദീപ് കൗറിനെയും സഹായിയായ ദേവീന്ദർ സിങ്ങിനെയും രാജസ്ഥാൻ ഭീകരവിരുദ്ധ സേനയും പഞ്ചാബ് പൊലീസും ചേർന്ന് പിടികൂടിയ സംഭവം രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ ശൃംഖലയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക് ഹാൻഡ്ലറുടെ വലയിൽ വീണ മഹക്ദീപ്, ഇയാളുടെ നിർദേശപ്രകാരം പ്രവർത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
നവംബർ മൂന്നിന് രാത്രി 9.45-ഓടെയാണ് ശ്രീഗംഗാനഗറിലെ രാംസിങ്പുരിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് സ്ലീപ്പർ കോച്ചുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും റെയിൽവേ ട്രാക്ക് തകരുകയും ചെയ്തു. അനുപ്ഗഡ്-സൂറത്ത്ഗഡ് പാസഞ്ചർ ട്രെയിൻ കടന്നുപോയതിന് പിന്നാലെയായിരുന്നു സ്ഫോടനം.
പഞ്ചാബിലെ ഗുദാസ്പൂർ ജില്ലയിലെ ദോസ്ത്പൂർ ഗ്രാമവാസിയായ മഹക്ദീപ് കൗർ പ്ലസ് ടു വിദ്യാർഥിനിയാണ്. എങ്ങനെയാണ് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ-ഭീകര ശൃംഖലയുടെ ഭാഗമായതെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. അതിർത്തി കടന്നുള്ള മയക്കുമരുന്ന്, ആയുധക്കടത്ത് സംഘങ്ങളുമായി മഹക്ദീപിന്റെ കുടുംബത്തിന് നേരത്തേ ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മഹക്ദീപിന്റെ മുൻഭർത്താവ് കരൺ ദീപ് സിങ്ങും ബന്ധുവും പാക് കടത്തുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും മയക്കുമരുന്ന് കേസിൽ മുൻഭർത്താവ് ഒരു വർഷത്തോളമായി ജയിലിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മഹക്ദീപിന്റെ സഹോദരനും മറ്റൊരു മയക്കുമരുന്ന് കേസിൽ നിലവിൽ തടവിലാണ്. കുടുംബത്തിന്റെ ഈ പശ്ചാത്തലമാണ് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഷാ’ എന്ന ഹാൻഡ്ലറുമായി മഹക്ദീപിനെ അടുപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഷായുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്ന മഹക്ദീപ് പണത്തിനുവേണ്ടി അന്താരാഷ്ട്ര റാക്കറ്റിന്റെ സജീവ പ്രവർത്തകയായി മാറുകയായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.
കേസിൽ നിർണായകമായ മറ്റൊരു വഴിത്തിരിവാണ് ദേവീന്ദർ സിങ്ങുമായുള്ള മഹക്ദീപിന്റെ ബന്ധം. അറസ്റ്റിന് ഏകദേശം മൂന്ന് മാസം മുമ്പാണ് ചൗർ കലാൻ ഗ്രാമവാസിയായ ദേവീന്ദർ സിങ്ങുമായി മഹക്ദീപ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹവാഗ്ദാനവും പണവും നൽകി മഹക്ദീപ് ദേവീന്ദറിനെ കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് ദേവീന്ദറിന്റെ കുടുംബാംഗങ്ങളുടെ ആരോപണം. രാജസ്ഥാനിലേക്ക് നടത്തിയ ഗൂഢാലോചന യാത്രകളിൽ ദേവീന്ദറും മഹക്ദീപിനൊപ്പമുണ്ടായിരുന്നു. സ്ഫോടനം നടത്തിയാൽ ഒരുലക്ഷം രൂപ പ്രതിഫലം നൽകാമെന്നായിരുന്നു പാക് ഹാൻഡ്ലറുടെ വാഗ്ദാനം.
സ്ഫോടനം നടത്തുന്നതിനായി ഇരുവരും മൂന്നുതവണ രാജസ്ഥാൻ സന്ദർശിച്ചതായാണ് വിവരം. ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ ആദ്യമായി രാജസ്ഥാനിലെത്തിയ ഇവർ ശ്രീഗംഗാനഗർ മേഖലയിൽ പാക് ഹാൻഡ്ലർ നൽകിയ സ്ഫോടകവസ്തു റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചു. എന്നാൽ, അത് പൊട്ടിത്തെറിച്ചില്ല. തുടർന്ന് ഒക്ടോബർ 12-നും ഒക്ടോബർ 30-ന് ശേഷവും വീണ്ടും രാജസ്ഥാനിലെത്തി ഹോട്ടലിൽ താമസിച്ചു. അവിടെനിന്ന് ലഭിച്ച മോട്ടോർസൈക്കിൾ ഉപയോഗിച്ച് റെയിൽവേ ട്രാക്കിൽ ഐ.ഇ.ഡി സ്ഥാപിച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മഹക്ദീപിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നതായി മാതാവ് സരബ്ജിത് കൗറും പിതാവ് തർലോക് സിങ്ങും മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് വിവാഹം കഴിക്കുകയും പിന്നീട് ബന്ധം വേർപെടുത്തുകയും ചെയ്ത മഹക്ദീപ് മോശം കൂട്ടുകെട്ടുകളിൽ അകപ്പെട്ടിരുന്നുവെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ് സുഹൃത്തിനെ കാണാനെന്നു പറഞ്ഞാണ് മഹക്ദീപ് വീട്ടിൽനിന്ന് ഇറങ്ങിയത്. സ്ഫോടനത്തിന് നാലോ അഞ്ചോ ദിവസങ്ങൾക്കുശേഷമാണ് തിരികെ എത്തിയത്. പിന്നീട് മുറിക്കുള്ളിൽ അടച്ചിരുന്ന് നിരന്തരം ഫോണിൽ സംസാരിക്കുന്നത് പതിവായിരുന്നുവെന്നും മാതാവ് പറഞ്ഞു.


