ന്യൂഡല്ഹി: ബിൽക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഇവർ സമർപ്പിച്ച അപ്പീലിൽ വസ്തുതാപരവും നിയമപരവുമായ ഗൗരവകരമായ വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
2017 മേയിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് ഇരുവരും സമർപ്പിച്ച ഹർജിയിലാണ് ഒക്ടോബർ 28-ന് സുപ്രീം കോടതി ഉത്തരവിട്ടത്. പ്രതികളുടെ കുറ്റക്കാരെന്ന കണ്ടെത്തലും ജീവപര്യന്തം തടവ് ശിക്ഷയും ബോംബെ ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു.
അപ്പീൽ നൽകിയവരിൽ ഒരാളായ ജോഷിക്ക് ഗുരുതരമായ ശാരീരിക വൈകല്യങ്ങളുണ്ടെന്ന കാര്യവും കോടതി പരിഗണിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവവും വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതും ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ, പ്രതികളിൽ ഒരാളുടെ പേര് സംഭവം നടന്നതിന് പിന്നാലെ രജിസ്റ്റർ ചെയ്ത ആദ്യ എഫ്.ഐ.ആറിൽ ഉണ്ടായിരുന്നില്ലെന്നും കുറ്റകൃത്യം നടന്ന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ കേസിൽ ഉൾപ്പെടുത്തിയതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഈ വർഷം മാർച്ചിൽ ഇരുവരുടെയും ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
നേരത്തേ നടന്ന വാദത്തിനിടെ, ബലാത്സംഗവുമായി ബന്ധപ്പെട്ട് പൊലീസിന് നൽകിയ മൊഴിയിലോ വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറോട് നടത്തിയ വെളിപ്പെടുത്തലിലോ ബിൽക്കിസ് ബാനു ഈ രണ്ട് പ്രതികളുടെയും പേരുകൾ പരാമർശിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ പ്രത്യേക കുറ്റകൃത്യങ്ങളൊന്നും ആരോപിക്കപ്പെട്ടിട്ടില്ലെന്നും സംഭവം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന ആൾക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നുവെന്നത് മാത്രമാണ് തെളിവെന്നും അഭിഭാഷകൻ വാദിച്ചു.
ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇവർ. എന്നാൽ, ശിക്ഷാ ഇളവ് റദ്ദാക്കി 2024 ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടതോടെ ഇരുവരും ഉൾപ്പെടെയുള്ള പ്രതികൾ വീണ്ടും ജയിലിലായി. ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, 11 പ്രതികളോടും രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ നിർദേശിച്ചിരുന്നു. തുടർന്ന് പ്രതികൾ കീഴടങ്ങി. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ബലാത്സംഗത്തിനിരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സായിരുന്നു. അന്ന് അഞ്ച് മാസം ഗർഭിണിയുമായിരുന്നു. കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളിൽ ബിൽക്കിസിന്റെ മൂന്ന് വയസ്സുള്ള മകളും ഉൾപ്പെട്ടിരുന്നു.


