കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഡിജെ പാർട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും ഡിജെ പാർട്ടികൾ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാത്രിജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഹോട്ടലുകളിൽ മദ്യവിൽപ്പനയ്ക്ക് എതിർപ്പില്ലെങ്കിൽ ഡിജെ പാർട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. ഡിജെ സംഗീതം ഒരു തൊഴിലാണ്. അതിനെ പൊതുവൽക്കരിക്കരുതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, മയക്കുമരുന്നിനോട് വിട്ടുവീഴ്ചയില്ലെന്നും നിയമലംഘനമുണ്ടായാൽ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. ഡിജെ പാർട്ടികൾ നിരീക്ഷിക്കാൻ പൊലീസിനെ വിന്യസിക്കാമെന്നും നിർദേശിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നിയമപരമായ അടിസ്ഥാനം വ്യക്തമാക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ളവയ്ക്ക് നിയന്ത്രണമേർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് നൽകിയ നോട്ടീസുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിശദമായ വാദം കേട്ടത്.


