ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ ജനജീവിതം പ്രതിസന്ധിയിൽ. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിക്ക് രേഖപ്പെടുത്തിയ വായുഗുണനിലവാര സൂചിക (എക്യുഐ) 263 ആണ്. ഇതോടെ ഡൽഹിയിലെ വായു ‘മോശം’ വിഭാഗത്തിലെത്തി. ചില പ്രദേശങ്ങളിൽ വായുഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലുമാണ്.
നവംബർ 16 ഞായറാഴ്ച ഉച്ചയോടെ എക്യുഐ 90 ആയി കുറഞ്ഞത് ആശ്വാസമായിരുന്നു. എന്നാൽ പിന്നീട് മലിനീകരണ തോത് വീണ്ടും ഉയർന്നതോടെ വായുഗുണനിലവാരം മോശമാവുകയായിരുന്നു. സിരിഫോർട്ടിലാണ് ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത്. ചാന്ദ്നി ചൗക്ക്, ഐഐടി ഡൽഹി, ജെഎൻയു എന്നിവിടങ്ങളിലും വായുഗുണനിലവാരം വളരെ മോശം വിഭാഗത്തിലായിരുന്നു.
അതേസമയം, ചൊവ്വാഴ്ച ഡൽഹിയിൽ ആകാശം പൊതുവേ തെളിഞ്ഞതായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ മിക്ക പ്രദേശങ്ങളിലും മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
13 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും കുറഞ്ഞ താപനില. ഉയർന്ന താപനില 26 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാകാനും സാധ്യതയുണ്ട്. നവംബർ 18, 19, 20 തീയതികളിലും ആകാശം തെളിഞ്ഞതായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.


