തിരുവനന്തപുരം: കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ മികച്ച സേവനങ്ങളെ ആദരിക്കാൻ രണ്ട് പുതിയ പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നു. കേരളത്തിലെ ആദ്യ വനിതാ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന സി. കമലമ്മയുടെ പേരിൽ കമലമ്മ അവാർഡും ആദ്യ വനിതാ സബ് ഇൻസ്പെക്ടറായിരുന്ന എം. പദ്മിനി അമ്മയുടെ പേരിൽ പദ്മിനി അമ്മ അവാർഡുമാണ് നൽകുക.
ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും മികച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും മികവ് പുലർത്തുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് കമലമ്മ അവാർഡ് സമ്മാനിക്കുക. കേസുകളിലെ തെളിവുകളുടെ ഗുണനിലവാരം, പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിലെ മികവ് തുടങ്ങിയവ പുരസ്കാര നിർണയത്തിൽ പരിഗണിക്കും.
ക്രമസമാധാന പാലന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് പദ്മിനി അമ്മ അവാർഡ് നൽകുക. ജനക്കൂട്ട നിയന്ത്രണം, കുറ്റകൃത്യങ്ങൾ തടയൽ, സാമൂഹിക പൊലീസ് പ്രവർത്തനങ്ങൾ, നിർണായകവും സങ്കീർണവുമായ സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യൽ തുടങ്ങിയവയാണ് പുരസ്കാരത്തിനായി വിലയിരുത്തുക.
കേരളത്തിലെ ആദ്യ വനിതാ സബ് ഇൻസ്പെക്ടറായിരുന്ന എം. പദ്മിനി അമ്മയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിൽ വനിതാ പൊലീസ് സ്റ്റേഷന്റെ ചുമതല സ്വതന്ത്രമായി വഹിച്ച ആദ്യ ഉദ്യോഗസ്ഥ കൂടിയായിരുന്നു അവർ.
സിവിൽ പൊലീസ് ഓഫീസർ മുതൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് വരെയുള്ള വനിതാ ഉദ്യോഗസ്ഥർക്ക് രണ്ട് പുരസ്കാരങ്ങൾക്കും അർഹതയുണ്ടാകും. നിലവിൽ പൊലീസ് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരത്തിനായി പിന്തുടരുന്ന അതേ തെരഞ്ഞെടുപ്പ് നടപടിക്രമമായിരിക്കും പുതിയ അവാർഡുകൾക്കും ബാധകമാകുക.
പൊലീസ് ബാഡ്ജ് ഓഫ് ഓണർ പുരസ്കാര വിതരണ ചടങ്ങിൽവെച്ചായിരിക്കും കമലമ്മ, പദ്മിനി അമ്മ അവാർഡുകളും സമ്മാനിക്കുക. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സേവന മികവിന് അംഗീകാരം നൽകുന്നതിനൊപ്പം കേരള പൊലീസിലെ വനിതാ മുന്നേറ്റത്തിന് കരുത്തേകുന്നതുമാകും പുതിയ പുരസ്കാരങ്ങൾ.


