തൃശ്ശൂർ: ഇ-20 പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർത്തുന്നവർക്കെതിരെ പരിഹാസവുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ശാസ്ത്രത്തെക്കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇ-20 ഇന്ധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സംശയങ്ങളും തള്ളിയ സുരേഷ് ഗോപി, ചില ദുഷ്ടരാഷ്ട്രീയ ശക്തികൾ വിഷയം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു.
രാജ്യത്ത് ഒരിടത്തും പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തുന്നില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ചില മഹാന്മാർ കന്നാസിൽ കൊണ്ടുപോയി എഥനോൾ കലർത്തിയതാണോ എന്ന് അറിയില്ലെന്നും അങ്ങനെയാണെങ്കിൽ വിഷയത്തിൽ സി.ബി.ഐ അന്വേഷണം വരുമെന്നും അദ്ദേഹം പരിഹസിച്ചു. പിന്നീട് ഇക്കൂട്ടർ സി.ബി.ഐക്കെതിരെ രംഗത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്രോളിൽ എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ധനം മൂലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്ന പരാതിയിൽ ഒരു ഇൻഷുറൻസ് കമ്പനിയും ക്ലെയിം നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


