കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട കോടതി വിധി സങ്കടകരമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷുക്കൂറിന്റെ കുടുംബത്തിന്റെ ശാപം പ്രതികൾക്ക് ഏൽക്കാതിരിക്കട്ടെയെന്നും കൊലപാതകത്തിൽ കാവ്യനീതി ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശി ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറിയത്.
കേസിൽ പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമായിരുന്നു. ഇവരടക്കം 33 സി.പി.എം പ്രവർത്തകരാണ് കേസിൽ പ്രതികളായത്. ഇതിൽ രണ്ടുപേർ വിചാരണയ്ക്കിടെ മരിച്ചു. 13 പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയപ്പോൾ 18 പേരെ വെറുതെ വിട്ടു. വെറുതെ വിട്ടവരിൽ എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഉൾപ്പെടുന്നു.
കൊലപാതകം നടന്ന് 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. കേസിലെ ഒന്ന്, മൂന്ന്, ഏഴ്, ഒൻപത്, പത്ത്, 12, 15 പ്രതികൾക്കാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.


