ആലപ്പുഴ: മറ്റൊരു സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ഐടിഐ വിദ്യാർത്ഥി മരിച്ചു. മാവേലിക്കര വിക്രം സാരാഭായി ഐടിഐയിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥിയായ തെക്കേക്കര പല്ലാരിമംഗലം സൗപർണികയിൽ എസ്. ആദർശ് കുമാർ (21) ആണ് മരിച്ചത്. കിച്ചു എന്നാണ് വിളിപ്പേര്.
ഇന്നലെ രാവിലെ 7.45ഓടെ മാവേലിക്കര-രണ്ടാംകുറ്റി റോഡിലെ കൊച്ചുപറമ്പിൽ ജംഗ്ഷനിലായിരുന്നു അപകടം. സുഹൃത്തിനൊപ്പം ഐടിഐയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടറിന് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ മതിലിൽ ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ ആദർശും സുഹൃത്ത് ആദിദേവും റോഡരികിലെ ഓടയുടെ സ്ലാബിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിനെ ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ആദിദേവ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന താമരക്കുളം സ്വദേശി മനോജിനും മകനും നിസാര പരിക്കുകളേറ്റു.


