തൃശൂര്‍: ടി.എൻ. പ്രതാപനെ എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിൽ അതൃപ്തി അറിയിച്ച് അനുയായികൾ. എഐസിസി സെക്രട്ടറിയായിരുന്ന പ്രതാപനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി എഐസിസി അംഗമായി നിയമിക്കുകയായിരുന്നു. പ്രതാപൻ മുഖ്യമന്ത്രി വി.ഡി. സതീശനോട് അടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് സംഘടനാതലത്തിലെ ഈ മാറ്റം. അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതാപന്റെ പുസ്തകം പ്രകാശനം ചെയ്തിരുന്നു.
പുതിയ പട്ടിക പ്രകാരം ശരത്തിന് കർണാടകയുടെയും സൈമൺ അലക്സിന് തെലങ്കാനയുടെയും ചുമതല നൽകി. മലയാളിയായ അനിൽ എ. തോമസിനെ മേഘാലയ, മിസോറം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായും നിയമിച്ചു.
മയൂര എസ്. ജയകുമാറിനെയും ഗണേഷ് കുമാർ യാദവിനെയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. തമിഴ്നാട്ടിൽ നിന്നുള്ള നേതാവാണ് മയൂര. ഗണേഷ് കുമാർ മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവാണ്.
ടി.എൻ. പ്രതാപന് പുറമെ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, മാത്യു ആന്റണി എന്നിവരെയും പുതിയ പട്ടികയിൽ ചുമതലകളിൽനിന്ന് മാറ്റിയിട്ടുണ്ട്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്.


