കൊല്ലം: മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് മാഞ്ഞാലി തുവയൂർ സൗത്ത് സനൂജ ഭവനിൽ സത്യന്റെ മകൻ സബീഷ് സത്യൻ (29) ആണ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ 3.10ഓടെയാണ് കടമ്പനാട് മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഏനാത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടിച്ച ബൈക്കുമായി ഒരാൾ കടമ്പനാട്, മാഞ്ഞാലി ഭാഗങ്ങളിലൂടെ പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ജില്ലയിലെ പോരുവഴി ദേവഗിരിയിൽ നിന്നാണ് മോഷ്ടിച്ച ബൈക്കുമായി സബീഷിനെ പോലീസ് പിടികൂടിയത്.
പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2020ൽ നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ക്രിമിനൽ കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മോഷ്ടിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
ഏനാത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ രാഹുൽ ചന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ സോളമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, സാഗർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.


